Latest Updates

തിരുവനന്തപുരം: കേരളത്തിന്റെ 2025–26 മദ്യനയം വലിയ മാറ്റങ്ങളുമായി പുറത്തിറങ്ങി. വിനോദസഞ്ചാര മേഖലകളിലുള്ള ത്രീസ്റ്റാർ അല്ലെങ്കിൽ അതിൽ ഉയർന്ന ക്ലാസിഫിക്കേഷനുള്ള റസ്റ്റോറന്റുകൾക്കും റിസോർട്ടുകൾക്കും കള്ള് (തെങ്ങിന്റെ പാനീയം) വിളമ്പാൻ അനുമതി നൽകുന്നതാണ് പുതിയ നയത്തിലെ പ്രധാന മാറ്റങ്ങളിൽ ഒന്ന്. കള്ള് വ്യവസായ വികസന ബോർഡിന്റെ മേൽനോട്ടത്തിൽ ടോഡി പാർലറുകൾ ആരംഭിക്കാനുള്ള അനുമതി ഇതിനോടൊപ്പം ലഭിക്കും. കള്ള് ക്ലാസിഫിക്കേഷൻ ഉള്ള ഹോട്ടലുകൾക്ക് അവരുടെ വളപ്പിൽ ചെത്തിയെടുത്തതല്ലാതെ പുറത്തുനിന്നും കള്ള് എത്തിച്ച് വിളമ്പാനും ഇനി അനുമതിയുണ്ട്. ഇതിന് ലിറ്ററിന് ₹2 പെർമിറ്റ് ഫീസ് അടക്കേണ്ടതാണ്. മദ്യം നിരോധിച്ചിരുന്ന ഒന്നാം തീയതിയിലും, മീറ്റ്ിങ്ങ്, വെഡിങ്, കോൺഫറൻസ്, അന്താരാഷ്ട്ര സമ്മേളനങ്ങൾ എന്നിവയ്ക്ക് അനുബന്ധിച്ചുള്ള ഹോട്ടൽ, പൈതൃക റസ്റ്റോറന്റ്, റിസോർട്ടുകൾക്ക് പ്രത്യേക അനുമതിയോടെ മദ്യം വിളമ്പാം. അതിനായി ₹50,000 ഫീസോടു കൂടി ഏഴു ദിവസം മുമ്പ് അപേക്ഷ നൽകണം. അനുമതി എക്സൈസ് കമ്മീഷണർ നൽകും. മദ്യം വിളമ്പാനുള്ള ലൈസൻസ് ഇനി ഇന്ത്യൻ രജിസ്റ്റർ ഓഫ് ഷിപ്പിംഗ് സർട്ടിഫിക്കറ്റ് ഉള്ള, കേരള മാരിടൈം ബോർഡിൽ രജിസ്റ്റർ ചെയ്ത സ്വകാര്യ വിനോദയാനങ്ങൾക്കും നൽകും. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കും ബോധവത്കരണ പദ്ധതികൾക്കും പുതിയ മദ്യനയം പ്രത്യേക ഊന്നൽ നൽകുന്നു. സ്കൂളുകളും ജില്ലാതല ജനജാഗ്രത സമിതികളും നിർദ്ദേശിത ഇടവേളകളിൽ ചേർന്ന് ലഹരി വിരുദ്ധ പരിപാടികൾ ആസൂത്രണം ചെയ്യും. ട്യൂഷൻ സെന്ററുകളിലും ഇത് വ്യാപിപ്പിക്കും. ലഹരി വിരുദ്ധ ക്ലബ്ബുകളിലെ മികച്ച പ്രവർത്തനം പരിഗണിച്ച് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളിൽ ഗ്രേസ് മാർക്ക് നൽകുമെന്നും, ബിവറേജസ് കോർപ്പറേഷന്റെ CSR ഫണ്ടിൽ നിന്നുള്ള 25% വിഹിതം വിമുക്തി മിഷനു വേണ്ടി മാറ്റി വയ്ക്കുമെന്നും എക്സൈസ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. ഘട്ടംഘട്ടമായുള്ള മദ്യവിമുക്തി, രാസ ലഹരിക്കെതിരായ നടപടികൾ, എന്നിവയും തുടരുമെന്ന് മന്ത്രി വ്യക്തമാക്കി.

Get Newsletter

Advertisement

PREVIOUS Choice